Friday , March 29 2024
Home / News / സ്മാർട്ട് സിറ്റി 100 ദിവസം കൗണ്ട്ഡൗൺ

സ്മാർട്ട് സിറ്റി 100 ദിവസം കൗണ്ട്ഡൗൺ

പണി ആരംഭിക്കാനുള്ള ഒരുക്കങ്ങൾ നൂറുദിവസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്

സ്മാർട്ട് സിറ്റി പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ കോർപ്പറേഷൻ നടപടികൾ തുടങ്ങി. സ്മാർട്ട്‌സിറ്റി പണി ആരംഭിക്കാനുള്ള ഒരുക്കങ്ങൾ നൂറുദിവസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി പ്രത്യേക കർമപദ്ധതിയും തയ്യാറാക്കും. ഒന്നരവർഷം മുൻപ്‌ കൊച്ചിക്ക്‌ സ്മാർട്ട് സിറ്റി ലഭിച്ചെങ്കിലും സമയബന്ധിതമായി പണി ആരംഭിക്കാൻപോലുമായില്ല. ഇവിടെ സംഭവിച്ച പോരായ്മകൾ തിരുത്തി മുന്നോട്ടുപോകാനാണ് തിരുവനന്തപുരം കോർപ്പറേഷന്റെ തീരുമാനം. ഇതുസംബന്ധിച്ച് സാങ്കേതികവിദഗ്ദ്ധർ, കൺസൾട്ടൻസി പ്രതിനിധികൾ എന്നിവരുമായി കോർപ്പറേഷൻ ചർച്ചകൾ തുടങ്ങി. പ്രത്യേകോദ്ദേശ്യ കമ്പനി രൂപവത്‌കരിക്കുന്നതാണ് ഇനിയുള്ള പ്രധാന നടപടി.

ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള കമ്മിറ്റിയാണ് പദ്ധതിയിൽ നിർദേശിച്ചിരുന്നത്. എന്നാൽ, തിരക്കുള്ള ഉദ്യോഗസ്ഥർ അധ്യക്ഷസ്ഥാനത്തേക്കു വരുന്നത് മിക്ക സ്ഥലങ്ങളിലും സ്മാർട്ട്‌ സിറ്റിയെ ബാധിക്കുന്നുണ്ട്. സമയബന്ധിതമായി യോഗങ്ങൾ വിളിച്ചുചേർക്കാനും പദ്ധതി അവലോകനം നടത്താനും സാങ്കേതികതടസ്സങ്ങൾ മാറ്റാനുമെല്ലാം ബുദ്ധിമുട്ടാണ്. സർക്കാർ വകുപ്പുകളിൽനിന്നു കൂടുതൽ ഉദ്യോഗസ്ഥരെ അംഗങ്ങളാക്കുന്നതും പദ്ധതിനടത്തിപ്പിനെ പിന്നോടിക്കുന്നുണ്ട്. കൊച്ചിയിൽ പദ്ധതി വൈകാൻ ഇതൊരു പ്രധാന കാരണമായിരുന്നു. ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും  വിരമിക്കലുമെല്ലാം കൊച്ചി സ്മാർട്ട് സിറ്റിയുടെ പ്രവർത്തനങ്ങളെ ബാധിച്ചു.

പുണെ നഗരത്തിന്റെ മാതൃകയിൽ പ്രത്യേകോദ്ദേശ്യ കമ്പനി രൂപവത്‌കരിക്കാമെന്ന ഉപദേശമാണ് കോർപ്പറേഷനു ലഭിച്ചിട്ടുള്ളത്. സാങ്കേതികവിദഗ്ദ്ധരെയും വിരമിച്ച ഉദ്യോഗസ്ഥരെയുമാണ് പുണെയിൽ നിയമിച്ചിട്ടുള്ളത്. പദ്ധതിനടത്തിപ്പിലെ കാലതാമസമൊഴിവാക്കാൻ ഇതു സഹായിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനൊപ്പം കൺസൾട്ടന്റിനെ നിയോഗിക്കുകയും വേണം. കൊച്ചിയിൽ കൺസൾട്ടന്റ് നിയമനം ഏറെ വൈകിയതും നടത്തിപ്പിനെ ബാധിച്ചിട്ടുണ്ട്. ഇതിനുള്ള ടെൻഡർ വിളിക്കണം.

സ്റ്റേറ്റ് മിഷൻ മാനേജ്‌മെന്റ് കമ്മിറ്റിയാണ് ടെൻഡർ നടപടികൾ നടത്തേണ്ടത്. ഏറ്റവും കുറഞ്ഞത് രണ്ടു മാസം സമയമെങ്കിലും വേണ്ടിവരും. കേന്ദ്രസർക്കാരിൽനിന്ന്‌ ഔദ്യോഗികമായി അറിയിപ്പു ലഭിച്ചാലുടൻതന്നെ സർക്കാരുമായി ബന്ധപ്പെട്ട് നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനാണ് കോർപ്പറേഷൻ തീരുമാനം. ഈ രണ്ടു പ്രാരംഭനടപടികൾക്കാണ് ഏറെ സാങ്കേതികപ്രശ്നങ്ങളുള്ളത്. സർക്കാർ അനുമതി, മന്ത്രിസഭാ തീരുമാനങ്ങൾ എന്നിവയെല്ലാം അതിവേഗത്തിലാക്കി നൂറുദിവസംകൊണ്ടുതന്നെ നടത്തിപ്പിനുള്ള സൗകര്യങ്ങൾ ഒരുക്കാനാവുമെന്ന പ്രതീക്ഷയിലാണ് കോർപ്പറേഷൻ അധികൃതർ.

About prakriti_htvm

Check Also

Vibrant Chilanka Dance Festival Ignites Kerala’s Classical Dance Scene – March 18-22

Kerala's cultural tapestry comes alive as the Chilanka Dance Festival takes center stage from March …

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.