Friday , March 29 2024
Home / Travel Blog / നിങ്ങളും പോകണം, ആസ്വദിക്കണം, പൊന്‍മുടിയിലെ കാഴ്ചകള്‍

നിങ്ങളും പോകണം, ആസ്വദിക്കണം, പൊന്‍മുടിയിലെ കാഴ്ചകള്‍

ആഴ്ചാവസാനത്തെ ഒരു ഒഴിവുദിനം. ഇന്നെങ്ങോട്ടെങ്കിലും ഒരു ചെറിയ യാത്ര പോകണമെന്ന് ആഴ്ചയുടെ തുടക്കത്തില്‍ തന്നെ ആഗ്രഹിച്ചിരുന്നു. പോകേണ്ട സ്ഥലങ്ങളെ കുറിച്ച് ആലോചിച്ചപ്പോള്‍ രണ്ടു ചിന്തകളാണ് മനസിലുണ്ടായത്. ഒന്ന് തമിഴ്‌നാട് മാര്‍ത്താണ്ഡത്തിനടുത്തുള്ള ചിതറാല്‍ (ജൈനക്ഷേത്രം), രണ്ട് പൊന്മുടി. ഈ രണ്ട് സ്ഥലങ്ങളിലും മുന്‍പ് ഞാന്‍ പോയിട്ടുണ്ടെങ്കിലും ഇപ്പോള്‍ വീണ്ടും പോകണമെന്ന് തോന്നി. യാത്ര ബൈക്കിലായതു കൊണ്ട് പുലര്‍കാലത്തെ സവാരിയാണ് ഞാന്‍ തിരഞ്ഞെടുത്തത്. നാല് മണിക്കു തന്നെ അലാറം വച്ച് എഴുന്നേറ്റു. അഞ്ചു മണി ആയപ്പോള്‍ നല്ലൊരു കുളി ഒക്കെ കഴിഞ്ഞു പോകാന്‍ റെഡിയായി.

തിരുവനന്തപുരത്തു നിന്ന് 60 കിലോമീറ്റര്‍ ദൂരമേ ഉള്ളു പൊന്മുടിക്ക്. ഒരര്‍ഥത്തില്‍ അനുഗ്രഹിക്കപ്പെട്ട നാടാണ് തിരുവനന്തപുരം. അറുപതു കിലോ മീറ്റര്‍ ചുറ്റളവില്‍, കേരളത്തിലെ തന്നെ മനോഹരമായ ബീച്ചുകളില്‍ ഒന്നായ കോവളം ബീച്ചും പശ്ചിമഘട്ട മലനിരകളാല്‍ സമ്പന്നമായ പൊന്മുടി എന്ന ഹില്‍സ്റ്റേഷനും

പോകേണ്ട സ്ഥലം തിരഞ്ഞെടുക്കാന്‍ ചെറിയൊരു ശങ്ക ഉണ്ടായിരുന്നെങ്കിലും അവസാനം പൊന്മുടി എന്ന് തീരുമാനിച്ചു. തിരുവനന്തപുരത്തു നിന്ന് 60 കിലോമീറ്റര്‍ ദൂരമേ ഉള്ളു പൊന്മുടിക്ക്. ഒരര്‍ഥത്തില്‍ അനുഗ്രഹിക്കപ്പെട്ട നാടാണ് തിരുവനന്തപുരം. അറുപതു കിലോ മീറ്റര്‍ ചുറ്റളവില്‍, കേരളത്തിലെ തന്നെ മനോഹരമായ ബീച്ചുകളില്‍ ഒന്നായ കോവളം ബീച്ചും പശ്ചിമഘട്ട മലനിരകളാല്‍ സമ്പന്നമായ പൊന്മുടി എന്ന ഹില്‍സ്റ്റേഷനും. വര്‍ഷം മുഴുവന്‍ പ്രസന്നമായ കാലാവസ്ഥയാണ് പൊന്മുടിയുടെ പ്രത്യേകത.

 

പേരൂര്‍ക്കട, നെടുമങ്ങാട്, ചുള്ളിമാനൂര്‍, വിതുര വഴിയാണ് പൊന്മുടി യാത്ര. വഴിയിലൊന്നും വലിയ തിരക്കില്ല. പോകുന്ന വഴി ചെറിയ ചായ തട്ടുകള്‍ തുറന്നിട്ടുണ്ട്. ഒരു ചായ കുടിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും കുറച്ചു കൂടി മുന്നോട്ടു പോകട്ടെ എന്ന് തോന്നി. വഴി അത്ര മോശമല്ല, ചിലയിടങ്ങളില്‍ അത്ര നല്ലതുമല്ല. വേനല്‍ക്കാലമായതിനാല്‍ നല്ല പൊടിയുണ്ട്.

ചുള്ളിമാനൂര്‍ എത്തുമ്പോള്‍ വഴി രണ്ടായി തിരിയും. എനിക്ക് പോകേണ്ടത് നേരെ ആണ്. ഇടത്തോട്ട് പോയാല്‍ തെന്മല, പാലരുവി, കുറ്റാലം വഴി തെങ്കാശി പോകാം.

തോളിക്കോട് ജംഗ്ഷന്‍ എത്തിയപ്പോള്‍ ഇനിയൊരു ചായ കുടിച്ചിട്ടാവാം യാത്ര എന്ന് തോന്നി. വഴിയില്‍ കണ്ട ചെറിയ ഒരു ചായക്കടയില്‍ കയറി. കടയില്‍ ഒരാളെ മാത്രമേ കണ്ടുള്ളു. ചായ ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇപ്പോള്‍ തരാം എന്ന്  മറുപടി. കണ്ണുകള്‍ കടയ്ക്കുള്ളില്‍ വെറുതെ പരതിയപ്പോള്‍ സന്തോഷം തോന്നി, വേറൊന്നുമല്ല നാടന്‍ പശുവിന്‍ പാലാണ് ചായക്ക് ഉപയോഗിക്കുന്നത്. രാവിലെ കറന്നു കൊണ്ട് വന്ന പാല്‍ പാത്രത്തിലിരിക്കുന്നു. ചോദിച്ചപ്പോള്‍ രാവിലെ ചായക്ക് പശുവിന്‍ പാല്‍ കിട്ടും, തികഞ്ഞില്ലേല്‍ പാക്കറ്റ് പാല്‍ വാങ്ങുമെന്ന് പറഞ്ഞു. നല്ല നാടന്‍ പശുവിന്‍ പാലിന്റെ രുചി ഞാന്‍ കുടിച്ച ചായക്കും ഉണ്ടായിരുന്നു. ഒരു ഉന്മേഷം ഒക്കെ തോന്നി. കടയിലെ ചേട്ടനോട് യാത്ര പറഞ്ഞു വീണ്ടു ബൈക്കിലേക്ക്.

സമയം നോക്കിയപ്പോള്‍ ആറു മണി ആയിട്ടില്ല. നേരം വെളുത്തു തുടങ്ങുന്നതേയുള്ളൂ. വിതുര ജംഗ്ഷന്‍ കഴിഞ്ഞു. വഴി ഏറെക്കുറേ വിജനമാണ്. അങ്ങിങ്ങായി മാത്രമേ വീടുകള്‍ കാണാനുള്ളൂ. ഇരുവശത്തും ഇടതൂര്‍ന്ന് നില്‍ക്കുന്ന മരങ്ങള്‍. അത് അകലേക്കുള്ള എന്റെ കാഴ്ചകള്‍ മറയ്ക്കുന്നു. വഴിവക്കില്‍ ചിലയിടങ്ങളില്‍ ബൈക്കുകളും ചിലയിടങ്ങളില്‍ ആക്ടിവ പോലുള്ള ഇരുചക്ര വാഹങ്ങളും കണ്ടു. ആളുകള്‍ ആരെയും കണ്ടില്ല, അടുത്തെങ്ങും വീടുകളും. ഇതെന്തിനാണ് ഇവിടെ വച്ചിരിക്കുന്നത് എന്നാലോചിച്ചു യാത്ര തുടരുന്നതിനിടെ റോഡരികിലുള്ള വലിയ തോട്ടങ്ങളില്‍ മരങ്ങളുടെ ചുവട്ടിലായി ടോര്‍ച്ചിന്റേതു പോലുള്ള വെളിച്ചങ്ങള്‍ കണ്ടു. ഇരുളു മൂടി കിടക്കുന്ന മരങ്ങള്‍ക്കിടയില്‍ ആ വെളിച്ചം കൗതുകം തോന്നി. വണ്ടി നിര്‍ത്തി നോക്കിയപ്പോള്‍ അത് ചിരിയായി മാറി. രാവിലെ ആളുകള്‍ റബ്ബര്‍ തോട്ടങ്ങളില്‍ ടാപ്പിങ് ജോലിയിലാണ്. ഇരുട്ടത്ത് മരങ്ങളില്‍ കത്തി വച്ച് ചീകുന്ന ഭാഗം വ്യക്തമായി കാണാന്‍ തലയില്‍ വച്ചിരിക്കുന്ന ഹെഡ്‌ലൈറ്റിന്റെ വെളിച്ചമായിരുന്നു ഞാന്‍ കണ്ടത്. ഇപ്പോള്‍ മനസിലായി വഴിയരികില്‍ കണ്ട വാഹനങ്ങള്‍ ആരുടേതാണെന്നും.

വിതുര കഴിഞ്ഞ് കല്ലാര്‍ വഴിയാണ് പൊന്മുടിയിലേക്കു പോകുന്നത്. പൊന്മുടി യാത്രയിലെ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രം കൂടിയാണ് കല്ലാര്‍. വലിയ ഉരുളന്‍ പാറക്കല്ലുകള്‍ നിറഞ്ഞ, പേരിനെ അന്വര്‍ഥമാക്കുന്ന ‘കല്ലാര്‍’. രണ്ടു ആകര്‍ഷണങ്ങളാണ് ഇവിടുള്ളത്. ഗോള്‍ഡന്‍ വാലിയും മീന്‍മുട്ടി വെള്ളച്ചാട്ടവും. പക്ഷി നിരീക്ഷകരുടെ ഇഷ്ട സ്ഥലം കൂടിയാണിത്. കല്ലാറിലെ നല്ല തണുത്ത, സ്ഫടികംപോലുള്ള വെളളത്തില്‍ ഒന്ന് മുങ്ങി നിവര്‍ന്നാല്‍ മനസും ശരീരവും ഒരുപോലെ തണുക്കും. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സഞ്ചാരികള്‍ക്കായി ഭോജനശാല, വിശ്രമമുറി, ശൗചാലയം തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു.

 

വിതുരയും ആനപ്പാറയും കല്ലാറും കഴിഞ്ഞു. കാട്ടരുവികളാണ് പൊന്മുടിയുടെ പ്രവേശന കവാടത്തില്‍ നമ്മളെ എതിരേല്‍ക്കുന്നത്.. പശ്ചിമഘട്ട മലനിരകളിലെ വന്യ സൗന്ദര്യം ആസ്വദിക്കാന്‍ ഇതിനേക്കാള്‍ പറ്റിയ മറ്റൊരു സ്ഥലമില്ല. സമുദ്ര നിരപ്പില്‍ നിന്നും 1,100 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം, കടലിന്റെ സൗന്ദര്യം ആസ്വദിച്ച ശേഷം കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിച്ചേരാന്‍ പറ്റുന്ന ചുരുക്കം ഹില്‍ സ്റ്റേഷനുകളില്‍ ഒന്നാണ്. 22 ഹെയര്‍ പിന്‍ വളവുകളാണ് പൊന്മുടിയിലേക്കുള്ള യാത്രയുടെ മറ്റൊരു ആകര്‍ഷണം. കാനന യാത്രയുടെ തുടക്കകത്തില്‍ തന്നെ സഞ്ചാരികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ പൊന്മുടി ഇക്കോ ടൂറിസം കൗണ്‍സിലും ഫോറസ്‌ററ് ഡിപ്പാര്‍ട്‌മെന്റും വലിയ ബോര്‍ഡുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. കാടിനെ സ്‌നേഹിക്കുന്ന പ്രകൃതിയെ ബഹുമാനിക്കുന്ന ഏതൊരാളും ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കുമെന്നതില്‍ സംശയമില്ല. കാരണം അത് നമ്മുടെ ഉത്തരവാദിത്വം കൂടിയാണ്.

സമയം ആറു മണി. നേരം വെളുത്തു വരുന്നതേ ഉള്ളു. ഒന്നാമത്തെ ഹെയര്‍പിന്‍ വളവു കഴിഞ്ഞു. വണ്ടി കയറ്റം കയറാന്‍ തുടങ്ങി. കിളികളുടെയും കാനനജീവികളുടെയും ശബ്ദം ഏറെ ആകര്‍ഷകമായി തോന്നി. പക്ഷെ അവര്‍ക്കോ? സ്വസ്ഥമായ ഒരു രാത്രിക്കു ശേഷം അവരുടെ സൈ്വര്യവിഹാരത്തിലേക്കു കടന്നു കയറി അലോസരമുണ്ടാക്കിയ എന്നോടുള്ള പ്രതിഷേധമാകാം. കിളികളൊക്കെ ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിക്കുന്നത് പോലെ തോന്നി. ഒരു ശത്രുവിനെ കണ്ടെന്ന പോലെ പരസ്പരം സന്ദേശങ്ങള്‍ കൈമാറുകയാവാം.

തലേന്ന് നല്ല മഴ പെയ്തിരുന്നുവെന്നു തോന്നുന്നു. റോഡിന് ഇരുവശവും കരിയിലകള്‍ നനഞ്ഞു കിടക്കുന്നു. മരങ്ങളില്‍ നിന്നും മഴത്തുള്ളികള്‍ എന്റെ കൈകളിലേക്ക് വീഴുന്നു. സുഖമുള്ളൊരു തണുപ്പും, ഇടയ്ക്കിടെ നനുത്ത കാറ്റും എന്നെ തഴുകി കടന്നു പോകുന്നു. പത്താമത്തെ ഹെയര്‍ പിന്‍ കഴിഞ്ഞപ്പോള്‍ വെളിച്ചം പതുക്കെ എനിക്ക് ചുറ്റും പരക്കുവാന്‍ തുടങ്ങി. കാട് പിന്നിട്ടു കഴിഞ്ഞു. ഇപ്പോള്‍ ഒരു വശം അഗാധമായ കൊക്കയും മറുവശം വൃക്ഷലതാതികളോട് കൂടിയ മലയുമാണ്.

ഞാന്‍ ബൈക്ക് വഴിയരികില്‍ ഒതുക്കി. റോഡ് സൈഡില്‍ കണ്ട ഒരു കോണ്‍ക്രീറ്റ് കെട്ടിന്റെ മുകളില്‍ ഇരുന്നു. താഴേക്ക് നോക്കിയപ്പോള്‍ മലകള്‍ പല മടക്കുകളായി ചേര്‍ത്ത് വച്ചൊരു സുന്ദരമായ കാഴ്ച. മഞ്ഞിന്റെ ആവരണങ്ങള്‍ മലകളെ പൊതിഞ്ഞു നില്‍ക്കുമ്പോള്‍, അതില്‍ പ്രഭാത സൂര്യന്‍ കിരണങ്ങള്‍ ചാര്‍ത്തുമ്പോള്‍ നമ്മുടെ കാഴ്ചകള്‍ക്ക് പതിമടങ്ങ് ഭംഗി ഉണ്ടാവും. ഞാന്‍ അവിടെ ഇരിക്കുമ്പോള്‍ എന്നെ കടന്നൊരു സര്‍ക്കാര്‍ ബസ് പോയി. ബസില്‍ അധികം ആളുകള്‍ ഇല്ലായിരുന്നു. ”ഇത്ര വെളുപ്പാന്‍ കാലത്ത് ഇവനാരെടാ” എന്ന് ബസ്സിനുളില്‍ നിന്നും ചില തലകള്‍ പുറത്തേക്കു നീട്ടി എന്നോട് ചോദിക്കും പോലെ തോന്നി.  കുറച്ചു സമയം കൂടി ആ ഇരുപ്പു ആസ്വദിച്ച ശേഷം ഞാന്‍ വീണ്ടും യാത്ര തുടര്‍ന്നു. പോകുന്ന വഴി ചെറിയ തട്ട് കടകള്‍. ഒന്നും തുറന്നിട്ടുണ്ടായിരുന്നില്ല. മരങ്ങളുടെ കീഴെ ശിലാ വിഗ്രഹങ്ങളും പൂജ ചെയ്യുന്നതിന്റെ അടയാളങ്ങളും. ഇവിടെ താമസിക്കുന്നവരുടെ ദൈവ സങ്കല്‍പ്പങ്ങളും പൂജകളുമൊക്കെ ആകണം. മല ദൈവങ്ങള്‍ പൊന്നുസൂക്ഷിക്കുന്ന മല എന്ന അര്‍ത്ഥത്തിലാണ് പഴമക്കാര്‍ ഈ കുന്നുകള്‍ക്കു പൊന്മുടി എന്ന് പേര് നല്‍കിയെന്നാണ് വിശ്വാസം.

”നീയും കുടിച്ചോടാ ഒരു ചായ”, ഞാന്‍ എന്നോട് തന്നെ പറയുന്നപോലെ. ഒരു ചായ പറഞ്ഞിട്ട് ഞാന്‍ ഒരു കല്ലിന്റെ മുകളില്‍ ഇരുന്നു. പൊന്മുടി അപ്പര്‍ സ്റ്റേഷനിലേക്കുള്ള ഇന്നത്തെ ആദ്യത്തെ സര്‍വീസാണ് ആ ബസ്.

കുറച്ചു ദൂരം കൂടി കഴിഞ്ഞു ഒരു വളവു തിരിഞ്ഞപ്പോള്‍ എന്നെ കടന്നു പോയ ബസ് അവിടെ ഒരു തട്ടുകടയുടെ  മുമ്പില്‍ നിര്‍ത്തിയിട്ടിരിക്കുന്നതു കണ്ടു. ചായ കുടിക്കാന്‍ നിര്‍ത്തിയതാണ്. ”നീയും കുടിച്ചോടാ ഒരു ചായ”, ഞാന്‍ എന്നോട് തന്നെ പറയുന്നപോലെ. ഒരു ചായ പറഞ്ഞിട്ട് ഞാന്‍ ഒരു കല്ലിന്റെ മുകളില്‍ ഇരുന്നു. പൊന്മുടി അപ്പര്‍ സ്റ്റേഷനിലേക്കുള്ള ഇന്നത്തെ ആദ്യത്തെ സര്‍വീസാണ് ആ ബസ്. അതിലുള്ളത് പൊന്മുടിയിലെ ടൂറിസം സെന്ററുകളിലും കുടുംബശ്രീ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ആളുകളാണ്. നേരം വെളുക്കും മുന്‍പ് വീടുകളില്‍ നിന്ന് ഇറങ്ങിയവരാണവര്‍. നമ്മള്‍ സഞ്ചാരികള്‍ക്കു സൗകര്യമൊരുക്കാന്‍.

കുറച്ചു ദൂരം കൂടി മുന്‍പോട്ടു പോയപ്പോള്‍ വലതു വശത്തായി ഒരു പഴയ വെയ്റ്റിങ് ഷെഡും അതിനോട് ചേര്‍ന്ന് വലത്തോട്ടൊരു റോഡും ഒരു പഴയ സൈന്‍ ബോര്‍ഡും കണ്ടു. പൊന്മുടി ടി ഫാക്ടറി ഓഫീസ്.  പൊന്‍മുടിയില്‍ വരുന്ന സഞ്ചാരികളില്‍ ഈ വഴിയിലേക്ക് പോകുന്നവര്‍ കുറവായിരിക്കും. ആ വഴിയേ കുറച്ചു മുന്‍പോട്ടു പോയപ്പോള്‍ താഴെയായി പഴയ ഒരു ഫാക്ടറി പോലെ തോന്നിക്കുന്ന ഒരു കെട്ടിടം കണ്ടു. പോയി നോക്കാമെന്നു തോന്നി. വളഞ്ഞു തിരിഞ്ഞും പോകുന്ന വഴിയുടെ ഇരുവശവും തേയില ചെടികള്‍ . നമ്മള്‍ മൂന്നാറിലൊക്കെ പോയി കാണുന്നത് പോലെ  നിബിഡമല്ല ഈ തേയില കാടുകള്‍. ബൈക്ക് ചെന്ന് നിന്നതു ഒരു പഴയ ഫാക്ടറിയുടെ മുമ്പില്‍.  അടച്ചു പൂട്ടി ഇട്ടിരിക്കും പോലെ തോന്നി. അകത്തു നിന്നും പക്ഷെ ചെറിയ ശബ്ദം കേള്‍ക്കുന്നുണ്ട്. .ഫാക്ടറിയുടെ ഇപ്പോഴത്തെ അവസ്ഥ വിളിച്ചറിയിക്കും പോലെ വാതിലിനോട് ചേര്‍ന്ന് മൂന്നുനാലു രാഷ്ട്രീയ പാര്‍ട്ടിയുടെ തുരുമ്പു പിടിച്ച കൊടിമരങ്ങള്‍ കൊടികാലുകള്‍ മാത്രമായി നമ്മളെ തന്നെ ദയനീയമായി നോക്കി നില്‍ക്കുന്നു. ചുറ്റും നടന്നു നോക്കിയപ്പോള്‍ മറ്റൊരു വാതില്‍  കണ്ടു. ആ വാതിലിന്റെ വലതുവശത്തായി 1892 എന്ന് എഴുതിയിരിക്കുന്നത് കണ്ടു. ആ വാതിലിലൂടെ അകത്തു കയറിയപ്പോള്‍ ഒരു വലിയ ഹാള്‍ .അവിടെ കുറെ ചാക്ക് കെട്ടുകള്‍ തുറന്നു വച്ചിരിക്കുന്നു.

തേയിലയുടെ സുഗന്ധം എന്റെ നാസ്വാദരങ്ങളിലേക്കു തുളച്ചു കയറി. ആ ഹാളിന്റെ ഇരുവശങ്ങളിലുമായി പഴക്കം ചെന്ന വലിയ മെഷീനുകള്‍. അവിടെ കണ്ട ഒരാളോട് വിശേഷങ്ങള്‍ ചോദിക്കും മുന്‍പ് ഇപ്പോള്‍ വരാം എന്ന് പറഞ്ഞു അയാള്‍  പുറത്തേക്കിറങ്ങി. അല്‍പ നേരം കഴിഞ്ഞ ഉടന്‍ മറ്റൊരാളുമായി മടങ്ങിയെത്തി. വന്നയാള്‍ സ്വയം പരിചയപ്പെടുത്തി. ഫാക്ടറി മാനേജര്‍ ആണ് ഷാജി. ഇടുക്കി പീരുമേടാണ് ആണ് സ്വദേശം. തമ്മില്‍ പരിചയപ്പെട്ട ശേഷം എന്നെ ഫാക്ടറിയുടെ മുകളിലെ നിലയിലേക്ക് കൊണ്ട് പോയി. 1892 ഇല്‍ ബ്രിട്ടീഷുകാരുടെ കാലത്തു ഒരു സായിപ്പാണ് ഈ ഫാക്ടറി സ്ഥാപിക്കുന്നത് . പിന്നീട് പലവട്ടം കൈമറിഞ്ഞു ഇപ്പോള്‍ ഒരു മലയാളി ആണ് ഇതിന്റെ അവകാശി. മുകളില്‍ ഒരു വലിയ ഹാള്‍. അവിടെ പല നിരകളിലായി നീളത്തില്‍ തടികൊണ്ട് നിര്‍മിച്ച ഒരുവശം വായൂ സഞ്ചാരമുള്ള ഒരു പ്രതലം. തോട്ടങ്ങളില്‍ നിന്നും നുള്ളി കൊണ്ട് വരുന്ന ഇലകള്‍ ഇവിടെ ആണ് ആദ്യം ഇടുക. ഇവിടെ അതിന്റെ ജലാംശങ്ങള്‍ കളഞ്ഞു വാട്ടി എടുക്കുന്ന ഇലകള്‍ പല പരിണാമ ക്രീയകളില്‍ കൂടി  കടന്നാണ്  നമ്മള്‍ ചായ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന തേയില  പൊടി ആയി മാറുന്നത്. താഴെത്തെ മുറികളില്‍ വേറെയും കുറെ മെഷീനുകള്‍ . ഓരോന്നിന്റെയും പ്രവര്‍ത്തനങ്ങള്‍ പറഞ്ഞു തന്നു. എല്ലാം ബ്രിട്ടീഷുകാരുടെ കാലത്തു സ്ഥാപിച്ച മെഷീനുകള്‍.

ഇപ്പോഴും പഴയ രീതിയില്‍ തന്നെ ഇവിടെ നിര്‍മാണം നടക്കുന്നു. അത് കൊണ്ട് തന്നെ ഇവിടുത്തെ തേയിലക്കു നല്ല ഡിമാന്‍ഡാണ് . ഇവിടുന്നു കൊച്ചിയില്‍ ലേലത്തിന് കൊണ്ടുപോകുന്ന തേയില ലേലം വിളിച്ചു വിദേശങ്ങളിലേക്ക് കയറ്റി അയക്കും. ഇനിയും കാണാം എന്ന് പറഞ്ഞു മാനേജരോട് ഒരു കിലോ തേയിലയും വാങ്ങി യാത്ര പറഞ്ഞിറങ്ങി. ഒരു ചെറിയ സര്‍വീസ് ചാര്‍ജ് ഈടാക്കി ഫാക്ടറിയുടെ പ്രവര്‍ത്തനം അവര്‍ നമ്മള്‍ക്ക് വിശദീകരിച്ചു തരും. (ആ സൗകര്യം ഉപയോഗപ്പെടുത്തുക)

രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ ആണ് സന്ദര്‍ശകര്‍ക്ക് അനുമതി. സമയം അപ്പോഴും 8.30 എത്തിയിട്ടുണ്ടായിരുന്നില്ല.

ഇനി അപ്പര്‍ സ്റ്റേഷനിലേക്ക്. രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ ആണ് സന്ദര്‍ശകര്‍ക്ക് അനുമതി. സമയം അപ്പോഴും 8.30 എത്തിയിട്ടുണ്ടായിരുന്നില്ല.

നേരെ ചെന്നപ്പോള്‍  പൊന്മുടി ഗവര്‍ണ്‍മെന്റ് ഗസ്റ്റ് ഹൗസ് എന്ന ബോര്‍ഡ് കണ്ടു. ഇടതു വശത്തു കണ്ട ഗെയിറ്റിലൂടെ അകത്തേക്കു ചെന്നപ്പോള്‍ വിശാലമായ പാര്‍ക്കിങ് ഒക്കെ ആയി കുറെ കെട്ടിടങ്ങള്‍. റെസ്‌റ്റോറന്റ് എന്ന ബോര്‍ഡ് കണ്ട ഭാഗത്തേക്ക് നടന്നു. താമസ സൗകര്യം ഉണ്ട്. വലിയ നിരക്കില്ല പക്ഷെ തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ നിന്നാണ്  ഇവിടെ താമസത്തിനു നമ്മള്‍ മുറികള്‍ ബുക്ക് ചെയ്യേണ്ടത്.

പ്രഭാത ഭക്ഷണം ഒന്നും ഉണ്ടായിരുന്നില്ല. തൊട്ടടുത്ത് കെടിഡിസിയുടെ താമസ സൗകര്യം ഉണ്ട്. റേറ്റ് പക്ഷെ ഇതിനേക്കാള്‍ കൂടുതലാണ്.

അവിടെ ഒക്കെ ഒന്ന് ചുറ്റി നടന്നു കണ്ട ശേഷം ചെക്ക് പോസ്റ്റ് ലക്ഷ്യമാക്കി നീങ്ങി. ടിക്കറ്റ് കൊടുത്തു തുടങ്ങിയിട്ടേ ഉള്ളു. വലിയ തിരക്കില്ല. 20 രൂപയാണ് പ്രവേശന ഫീസ്. ബൈക്കിന് 10 രൂപ. ക്യാമറ ഉണ്ടെങ്കില്‍ 25 രൂപ കൂടി കൊടുക്കണം. ചെക്ക് പോസ്റ്റ് കടന്നു മുന്‍പോട്ടു ചെന്നുടന്‍ ഇടതു വശത്തായി ഒരു ബോര്‍ഡ് കണ്ടു ‘വരയാട് മൊട്ട്; അവിടെ നിന്ന് കാഴ്ചകള്‍ കാണാന്‍ സൗകര്യമുണ്ട്.. വരയാടുകള്‍ ഉള്ള സ്ഥലമാണത്രെ. അവിടെ നിന്നും കുറച്ചു കൂടി മുന്‍പോട്ടു ചെന്നപ്പോള്‍ വലതു വശത്തായി ഇന്ത്യന്‍ സ്‌പൈസ് റിസര്‍ച്ച് ക്യാംപസ്. അങ്ങോട്ടേക്ക് സന്ദര്‍ശനാനുമതി ഇല്ല. കുറച്ചു കൂടി ചെന്നപ്പോള്‍ ഇടതു വശത്തായി കുടുംബശ്രീ ലഘുഭക്ഷണ ശാല. അടുത്ത കാലത്തായി നിര്‍മ്മിച്ചതാണെന്ന് തോന്നുന്നു. നല്ല വൃത്തിയും വെടിപ്പുമുള്ള സ്ഥലം. മിതമായ നിരക്കില്‍ പൂരിയും ചായയും കിട്ടും. കാനന വിഭവങ്ങള്‍ വില്‍ക്കുന്ന ഒരു കൗണ്ടറും അതിനുള്ളില്‍ തന്നെ ഉണ്ട്.

പാര്‍ക്കിങ് ഏരിയയില്‍ ബൈക്ക് പാര്‍ക്ക് ചെയ്ത ശേഷം കാഴ്ചകള്‍ കണ്ടു ഞാന്‍ നടന്നു. വാച്ച് ടവറിന്റെ ബലക്ഷയം കാരണം അതിനു മുകളില്‍ ആരും കയറരുതെന്നു സെക്യൂരിറ്റി ഗാര്‍ഡുകള്‍ നിര്‍ദ്ദേശം നല്‍കുന്നുണ്ട്. ചുറ്റും മൊട്ട കുന്നുകള്‍. പുല്‍മേടുകള്‍. ഈ ചൂട് കാലാവസ്ഥയിലും നല്ല പച്ചപ്പും കാറ്റും.

ഇരിക്കുവാനായി അവിടവിടങ്ങളില്‍ കൂടാരങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്. തണുത്ത കാറ്റേറ്റു വാങ്ങി, ആ പച്ചപ്പില്‍ അങ്ങനെ കുറെ നേരം നടന്നു. പാറകള്‍ക്കു മുകളില്‍ കുറെ നേരം കിടന്നു. നഗരത്തിന്റെ തിരക്കുകള്‍ക്കിടയില്‍ നിന്ന് അധികം ദൂരെയല്ലാതെ ഒരിടം. കുടുംബസമേതം ഒരു ദിവസം ചിലവഴിക്കാന്‍ അനുയോജ്യമായ സ്ഥലം. നിങ്ങളും പോകണം. ആസ്വദിക്കണം.

For English Translation : Click Here

About prakriti_htvm

Check Also

Kavalam

Featured Video

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.