Sunday , December 21 2025
Home / News / അനന്ത തുടരാൻ കോർപ്പറേഷൻ

അനന്ത തുടരാൻ കോർപ്പറേഷൻ

മഴവെള്ളം ഒഴുക്കാൻ പദ്ധതി

പാളയം മുതൽ കിഴക്കേക്കോട്ടവരെയുള്ള വെള്ളക്കെട്ട് പൂർണമായും ഒഴിവാക്കുകയാണ് ലക്ഷ്യം. ഭൂപ്രകൃതിയനുസരിച്ച് മഴപെയ്താൽ തമ്പാനൂരിലും കിഴക്കേക്കോട്ടയിലും വെള്ളം നിറയും. എത്രയുംവേഗം  വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ക്രമീകരണമാണ് ഏർപ്പെടുത്തുക.

ഇതിനായി പുതിയ ഓടകളും ഭൂഗർഭകനാലുകളും നിർമിക്കും  നിലവിലുള്ള ഓടകളുടെയും കനാലുകളുടെയും ആഴം കൂട്ടി നീരൊഴുക്ക് സുഗമമാക്കും  നിശ്ചിത ഇടവേളകളിൽ ഓടകളിൽ അടിഞ്ഞുകൂടുന്ന മണ്ണും ചെളിയും നീക്കം ചെയ്യൽ.  പ്ലാസ്റ്റിക് നിരോധനം ഫലപ്രദമായി നടപ്പാക്കുന്നതോടെ ഓടകളിൽ പ്ലാസ്റ്റിക് ക്യാരിബാഗുകളിലാക്കി മാലിന്യമെറിയുന്നതിന്റെ അളവ് കുറയുമെന്ന് കോർപ്പറേഷൻ കരുതുന്നു.   ഇതുകൂടാതെ പ്ലാസ്റ്റിക് കുപ്പികളും മറ്റും അടിഞ്ഞുകൂടുന്നത് നീക്കം ചെയ്യും.

ഓരോ മഴക്കാലവും തലസ്ഥാനനഗരത്തിന് സമ്മാനിക്കുന്നത് ദുരിതത്തിന്റെ ഓർമകളാണ്. വെള്ളക്കെട്ടും നിറഞ്ഞുകവിഞ്ഞൊഴുകുന്ന ഓടകളും. സ്മാർട്ട്‌സിറ്റി പദ്ധതിയുടെ പ്രധാന നിർദേശങ്ങളിലൊന്നാണ് നഗരത്തിൽ മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള സംവിധാനമൊരുക്കൽ.പാളയം മുതൽ കിഴക്കേക്കോട്ട വരെയുള്ള ഭാഗത്ത് മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്താനാണ് തീരുമാനം. 2020-ൽ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ പദ്ധതിയുടെ പേരിൽ ഇതിനോടകം ലക്ഷങ്ങൾ പൊടിച്ച ചരിത്രമാണ് തലസ്ഥാന നഗരത്തിനുള്ളത്.  ഇതുമായി ബന്ധപ്പെട്ട് ഇതുവരെയും ആവിഷ്‌കരിച്ചിട്ടുള്ള ഒരുപദ്ധതിയും പൂർത്തീകരിച്ചിട്ടില്ല. ഏറ്റവുമൊടുവിൽ ഈ ലക്ഷ്യവുമായി ആരംഭിച്ച ഓപ്പറേഷൻ അനന്തയും ഇപ്പോൾ നിലച്ച മട്ടാണ്.

ഓപ്പറേഷൻ അനന്തയുടെ ഭാഗമായി തമ്പാനൂർത്തോടും തെക്കനംകര കനാലും ശുചീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഏറെ മുന്നോട്ടുപോയിരുന്നു. ഇതുകൂടാതെ കൈയേറി വെച്ചിരുന്ന നിരവധി ഓടകൾ പുനരുജ്ജീവിപ്പിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഓപ്പറേഷൻ അനന്ത ലക്ഷ്യത്തിൽനിന്ന് വഴിമാറിയതോടെ കാര്യങ്ങളെല്ലാം പഴയപടിയായിരിക്കുകയാണ്.

ഓപ്പറേഷൻ അനന്തയ്ക്കും മുൻപ്‌ കെ.എസ്‌.യു.ഡി.പി.യിലുൾപ്പെടുത്തി തമ്പാനൂരിൽ മഴക്കാലത്ത് നിറയുന്ന വെള്ളം ഒഴുക്കിക്കളയാൻ പദ്ധതികളാവിഷ്‌കരിച്ചിരുന്നു. എന്നാൽ ലക്ഷങ്ങൾ പൊടിച്ചതല്ലാതെ അതിൽ കാര്യമായ പുരോഗതിയൊന്നുമുണ്ടായില്ല. അതിനും മുൻപ്‌ ഒട്ടേറെ പ്രഖ്യാപനങ്ങളും പദ്ധതികളുമുണ്ടായി. അവയൊന്നും ലക്ഷ്യം കണ്ടില്ല.

ഏറ്റവുമൊടുവിൽ തലസ്ഥാന നഗരവികസനപദ്ധതിയിലുൾപ്പെടുത്തി കിഴക്കേക്കോട്ടയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ പദ്ധതികളാവിഷ്‌കരിച്ചെങ്കിലും അതും പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. ഓടകൾ പുനർനിർമിച്ചുകൊണ്ടായിരുന്നു ഇത്. എന്നാൽ പഴയ ഓടകൾ ശുചീകരിച്ചുകൊണ്ട് പദ്ധതി അവസാനിച്ചതല്ലാതെ കാര്യമായ നടപടിയൊന്നുമുണ്ടായില്ല.

അനന്തയുടെ ഭാഗമായി തുടങ്ങിവെച്ച ജോലികൾ പുനരാരംഭിക്കുന്നതിനെക്കുറിച്ച് കോർപ്പറേഷൻ ആലോചിക്കുന്നുണ്ട്. തമ്പാനൂർത്തോടിന്റെ ആഴം കൂട്ടുകയും ഓടകൾ പുനഃസ്ഥാപിക്കുന്നതിനെക്കുറിച്ചുമാണ് ആലോചിക്കുന്നത്. എന്നാൽ ഇതു സംബന്ധിച്ച് കൺസൾട്ടന്റിനെ നിയോഗിച്ചാൽ മാത്രമേ കൂടുതൽ വ്യക്തത വരൂ.ഇനിയും പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനു പകരം അനന്ത തുടങ്ങി വച്ച ജോലികൾ തുടരുന്നതിനാണ് കോർപ്പറേഷൻ കൂടുതൽ പരിഗണന നൽകുന്നത്. ദുരന്തനിവാരണനിയമം അനുസരിച്ചാണ് അനന്ത രൂപവത്‌കരിച്ചത്. സ്വകാര്യവ്യക്തികളും സ്ഥാപനങ്ങളും മതസ്ഥാപനങ്ങളും കൈയേറിയിരുന്ന ഓടകളിൽ വലിയൊരു പങ്കും ഓപ്പറേഷൻ അനന്തയുടെ ഭാഗമായി കണ്ടെത്തിയിരുന്നു. ഇവയിൽ ഭൂരിഭാഗവും ഒഴിപ്പിക്കുകയും ചെയ്തിരുന്നു. തമ്പാനൂർ തോട്ടിലെ ചെളിയും മാലിന്യങ്ങളും അനന്തയുടെ ഭാഗമായി നീക്കം ചെയ്തിരുന്നു. റെയിൽവേ സ്റ്റേഷന് അടിയിൽ കൂടി കടന്നുപോയിരുന്ന ഭാഗത്തെ മണ്ണും ചെളിയും നീക്കം ചെയ്തു. എന്നാൽ അതുകഴിഞ്ഞ് രണ്ടുവർഷത്തോളം പിന്നിട്ടിരിക്കുന്നു. ചെളിയടിഞ്ഞ് വീണ്ടും പഴയ സ്ഥിതിയാണിപ്പോൾ. പല ഓടകളും വീണ്ടും കൈയേറിക്കൊണ്ടിരിക്കുകയുമാണ്.

പദ്ധതിക്ക്‌ രൂപരേഖയായില്ല

സ്മാർട്ട്‌സിറ്റി പദ്ധതിയുടെ കൺസൾട്ടന്റിനെ നിയോഗിച്ചാൽ മാത്രമേ ഇതിൽ അന്തിമരൂപരേഖയാകൂ. തുടർന്ന് വിശദപഠന റിപ്പോർട്ട് തയ്യാറാക്കണം.    ഇതിന് ഭരണാനുമതിയും സാങ്കേതികാനുമതിയും നേടിയെടുക്കണം.     ഈ നടപടിക്രമങ്ങളെല്ലാം പൂർത്തീകരിച്ച ശേഷം പണി തുടങ്ങുമ്പോൾ തന്നെ കുറഞ്ഞത് ആറുമാസമെങ്കിലും പിന്നിടും. ഫലത്തിൽ ആകെ കിട്ടുന്നത് രണ്ടുവർഷത്തിൽ താഴെ മാത്രം.

നടത്തേണ്ടത്‌ മഴക്കൊയ്ത്ത്‌ 

സ്മാർട്ട്‌സിറ്റി പദ്ധതിയുടെ ഭാഗമായി മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള സംവിധാനമൊരുക്കലല്ല, മഴക്കൊയ്ത്താണ് നടത്തേണ്ടത്.സർക്കാർ കെട്ടിടങ്ങളും വലിയകെട്ടിടങ്ങളുമെല്ലാം വെള്ളം ഓടയിലേക്ക് ഒഴുക്കിക്കളയുന്നതിനു പകരം ഇവയെ സംരക്ഷിച്ച് പുനരുപയോഗിക്കാൻ സംവിധാനമുണ്ടാക്കണം.പ്രധാനപ്പെട്ട കനാലുകളിൽ വെള്ളം പിടിച്ചുനിർത്തുന്നതിന് സംവിധാനമൊരുക്കണം. തമ്പാനൂർ, ചെങ്കൽചൂള പ്രദേശങ്ങളിൽ മുൻപുണ്ടായിരുന്ന താമരക്കുളവും ചതുപ്പുകളുമൊക്കെ ഉദാഹരണം. തമ്പാനൂർത്തോടിനോട് ചേർന്ന് വെള്ളം പിടിച്ചുനിർത്തുന്നതിനായി കിണറുകൾ പോലെയുള്ള സംവിധാനങ്ങളൊരുക്കണം.ഒഴുകിവരുന്ന വെള്ളത്തിലെ ചപ്പുചവറുകൾ വേർതിരിക്കുന്നതിന് അരിപ്പകൾ സ്ഥാപിക്കണം. മഴവെള്ളം പുനരുപയോഗിക്കാൻ കഴിയുന്നതിലൂടെ തമ്പാനൂരിൽ ബസും തീവണ്ടികളും പ്ലാറ്റ്‌ഫോമുകളും കഴുകുന്നതിനുള്ള വെള്ളം ശേഖരിക്കാൻ കഴിയും.നഗരത്തിലെ പ്രധാനറോഡുകളെല്ലാം ഭൂമിയുടെ ഘടനയനുസരിച്ച് കുന്നിൻമുകളിലാണ്. ഇവിടെ നിന്ന് വെള്ളം ഒഴുകിയിറങ്ങുന്നതെല്ലാം തമ്പാനൂരിലേക്കും കിഴക്കേക്കോട്ടയിലേക്കുമാണ്. മഴവെള്ളം ശേഖരിക്കാനും ഭൂമിയിലേക്കു തന്നെ വെള്ളം ആഴ്ന്നിറങ്ങാനും ക്രമീകരണം ഏർപ്പെടുത്തണം.

About prakriti_htvm

Check Also

iffk2025-hello-trivandrum

IFFK 2025: Kerala Welcomes the World of Cinema Once Again

The International Film Festival of Kerala (IFFK) 2025 reaffirmed its status as one of Asia’s …

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.