വിസ്മയ കാഴ്ചകളൊരുക്കി ടാഗോര്‍ തിയറ്ററില്‍ മത്സ്യോത്സവത്തിന് തുടക്കമായി. ഗപ്പി മുതല്‍ ആമസോണ്‍ തീരത്തെ ക്യാറ്റ് ഫിഷ് വരെ നീളുന്ന മത്സ്യങ്ങള്‍, മത്സ്യകൃഷി രീതികള്‍, മത്സ്യ വിഭവങ്ങള്‍, മത്സ്യബന്ധന ഉപകരണങ്ങള്‍ തുടങ്ങിയവയെ പരിചയപ്പെടുത്തുന്ന പ്രദര്‍ശനവും ഇതോടൊപ്പമുണ്ട്.
തെക്കേ അമേരിക്കകാരി വിഡൊ റെറ്റട്ര, ഓസ്ട്രേലിയക്കാരി അരോണ, വെളിച്ചം അടിച്ചാല്‍ വെട്ടിത്തിളങ്ങുന്ന നിയോണ്‍ ടെട്രതുടങ്ങിയ മത്സ്യങ്ങളാണ് പ്രദര്‍ശനത്തിലെ താരങ്ങള്‍. പരിചിത മുഖങ്ങളായ ഗപ്പി, ഏഞ്ചല്‍, ഗോള്‍ഡ് ഫിഷ് തുടങ്ങിയ മത്സ്യങ്ങളും താരപ്പകിട്ട് കൈവിടാതെ പ്രദര്‍ശനത്തിലുണ്ട്. വിദേശ സുന്ദരികളുടെ സൌന്ദര്യത്തെ നാടന്‍ പ്രൌഢിയില്‍ മറികടക്കുകയാണ് കരീമിനും കൊഞ്ചും സിലോപ്പിയയും. അക്വാപോണിക്സ് കൃഷി, കൂട് മത്സ്യകൃഷി എന്നിവ പരിചയപ്പെടുത്തുന്ന മാതൃകകള്‍ ഈ രംഗത്തെ തൊഴില്‍സാധ്യത പരിചയപ്പെടുത്തുന്നു.
വിവിധതരം മത്സ്യങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയ കൊതിയൂറും അച്ചാറുകളും ബിരിയാണികളും നാവില്‍ കപ്പലോടിക്കും. നെയ്മീന്‍, ചൂര തുടങ്ങിയ മത്സ്യങ്ങളുടെ രുചിപകരും കട്ലറ്റിനും ആവശ്യക്കാരേറെ. മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസം പകരുന്ന വിവിധ സര്‍ക്കാര്‍ പദ്ധതികള്‍, മത്സ്യ ബന്ധന ഉപകരണള്‍ തുടങ്ങിയവ പരിചയപ്പെടുത്തുന്ന സ്റ്റാളുകളുമുണ്ട്. ഗവേഷണ സ്ഥാപനങ്ങള്‍, ഫിഷറീസ് സര്‍വകലാശാല, ഫിഷറീസ് കോളേജ്, കേന്ദ്ര സ്ഥാപനങ്ങള്‍, മത്സ്യവകുപ്പിന് കീഴിലെ വിവിധ ഏജന്‍സികള്‍, കേന്ദ്ര കൃഷിവകുപ്പ്, നാഷണല്‍ ഫിഷറീസ് ഡവലപ്മെന്റ് ബോര്‍ഡ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് എന്നിവയും പ്രദര്‍ശനത്തില്‍ പങ്കാളികളാണ്.