തിരുവനന്തപുരം: തലസ്ഥാനത്തിന്റെ സാംസ്കാരിക ഇടനാഴിയായി മാറിയ മാനവീയം വീഥിയിൽ തെരുവു ചലച്ചിത്രമേളയ്ക്കു തിരശീല ഉയരുന്നു. ചലച്ചിത്രമേളകളിൽ എത്തിപ്പെടാൻ കഴിയാതെ പോകുന്ന സിനിമകൾക്കും കാണികൾക്കുമായി നിഴലാട്ടം പ്രവർത്തകരാണ് മേള സംഘടിപ്പിക്കുന്നത്. 20 മിനിറ്റിനു താഴെ ദൈർഘ്യമുള്ള 30 ഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന മേളയ്ക്ക് ഈ മാസം 27നു തുടക്കമാകും.
ഐഎഫ്എഫ്കെ, ഐഡിഎസ്എഫ്എഫ്കെ തുടങ്ങി പല ചലച്ചിത്ര മേളകൾക്കും തലസ്ഥാനം വേദിയാകുന്നുണ്ടെങ്കിലും അവിടേക്കെത്തിപ്പെടുന്ന സാധാരണക്കാരുടെ എണ്ണം വളരെ കുറവാണ്. അതിനൊരു മാറ്റം സൃഷ്ടിക്കാനാണു തെരുവു ചലച്ചിത്ര മേളയിലൂടെ നിഴലാട്ടം അംഗങ്ങൾ ലക്ഷ്യമിടുന്നതെന്നു മേളയുടെ ക്രിയേറ്റീവ് ഹെഡ് രതീഷ് രോഹിണി പറഞ്ഞു. തെരുവുകളെങ്കിലും സ്വതന്ത്രമാകട്ടെ എന്ന ഹാഷ് ടാഗ് മാത്രമാണു മേളയുടെ പ്രചരണത്തിനായി സംഘാടകർ സ്വീകരിച്ചിട്ടുള്ളത്. ഹ്രസ്വചിത്രങ്ങൾക്കൊപ്പം ഡബ്സ്മാഷ് മത്സരവും ഒരുക്കിയിട്ടുണ്ട്. തെരുവിന്റെ സ്വഭാവങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെയാകും മേള അരങ്ങേറുക.
തെരുവു നാടകം, സാംസ്കാരിക പരിപാടികൾ, തെരുവു കലാകാരന്മാരെ ആദരിക്കൽ, നാടൻപാട്ട് അവതരണം, ചിത്ര പ്രദർശനം തുടങ്ങി വിവിധ പരിപാടികളും മേളയുടെ ഭാഗമായി സംഘടിപ്പിക്കുമെന്നും സംഘാടകർ പറഞ്ഞു. വൈകുന്നേരം അഞ്ചു മുതൽ രാത്രി പത്തു വരെ പ്രത്യേകം സജ്ജീകരിച്ച എൽഇഡി ഹാളിലാണു സിനിമകൾ പ്രദർശിപ്പിക്കുക. സിനിമകൾക്കൊപ്പം തന്നെ തെരഞ്ഞെടുക്കപ്പെട്ട ഡോക്യുമെന്ററികളും മേളയിൽ പ്രദർശിപ്പിക്കും. മികച്ച സിനിമ, സംവിധായകൻ, ഡോക്യുമെന്ററി എന്നിവയ്ക്കു പുരസ്കാരങ്ങൾ നൽകും. മൂന്നു ദിവസം നീളുന്ന മേളയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഡിവിഡി ഫോർമാറ്റിലാക്കിയ ചലച്ചിത്രങ്ങളും ഡബ്സ്മാഷും ക്രിയാത്മ, പിഎൽആർഎ-എ 15, പണിക്കേർസ് ലൈൻ, ശാസ്തമംഗലം, തിരുവനന്തപുരം 695010 എന്ന വിലാസത്തിൽ അയക്കണം.
പണമില്ലാത്തതിനാൽ ആരും തന്നെ മാറി നിൽക്കാൻ പാടില്ല എന്നു നിർബന്ധമുള്ളതിനാൽ രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കിയെന്നു നിഴലാട്ടം ടീം അംഗം രെജു ആർ. നായർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് www.nizhalattam.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. കൂടാതെ 9539967287, 9495545916 എന്ന ഫോണ് നന്പരിൽ നേരിട്ടും ബന്ധപ്പെടാം. 15 ആണ് അപേക്ഷകൾ അയക്കാനുള്ള അവസാന തീയതി.