ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റെയും മനസ്സില്‍ നിറക്കൂട്ടുകളുമായി മാലാഖമാര്‍ക്ക് പ്രിയപ്പെട്ട ആ കുഞ്ഞു മുഖം ഉണ്ടാകുമെന്ന് ഉറപ്പ്.
വര്‍ഷങ്ങള്‍ കൂടുമ്പോള്‍ ദൈവാംശമുള്ള കുഞ്ഞുങ്ങള്‍ ഭൂമിയില്‍ ജന്മമെടുക്കുമെന്നാണ് പറയപ്പെടുന്നത്. അത്തരത്തില്‍ ദൈവത്തിന്റെ വിരലുകളുമായായി ജന്മം കൊണ്ടവനാണ് വര്‍ണങ്ങളുടെ രാജകുമാരന്‍ എഡ്മണ്ട് തോമസ് ക്ലിന്റ്. വെറും രണ്ടായിരത്തി അഞ്ഞൂറ്റി ഇരിപത്തിരണ്ടു ദിവസം മാത്രം ഭൂമിയില്‍ ജീവിച്ച് ഇരുപത്തയ്യായിരത്തില്‍പരം ചിത്രങ്ങള്‍ വരച്ച് വര്‍ണങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ത്ത മഹാ പ്രതിഭ. വിടരും മുന്‍പേ കൊഴിഞ്ഞു പോയ ആ ജീവിതം വെള്ളിത്തിരയിലൂടെ നമുക്ക് മുന്നില്‍ വരച്ചിടുകയാണ് ക്ലിന്റ് എന്ന ചിത്രത്തിലൂടെ സംവിധായകൻ ഹരികുമാര്‍. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിച്ച് ഹരികുമാറും കെ വി മോഹൻകുമാറും കൂടി തിരക്കഥയെഴുതിയ ചിത്രം ക്ലിന്റിന്റെ ആറാമത്തെ പിറന്നാള്‍ മതല്‍ മരണം വരെയുള്ള ജീവിതമാണ് പറയുന്നത്. തന്റെ ഏഴാമത്തെ പിറന്നാളിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് ക്ലിന്റ് ലോകത്തോട് വിടപറഞ്ഞത്.
1982-83 കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. ക്ലിന്റ് തന്റെ ആറാമത്തെ വയസ്സിലൂടെ കടന്നു പോകുന്ന കാലഘട്ടം. ചിത്രരചന മാത്രമല്ല അസാമാന്യ ഗ്രഹണശക്തി കൂടി ക്ലിന്റിന് കൈമുതലായുണ്ട്. എന്ത് കാര്യങ്ങളും ഒരു തവണ കാണുകയോ കേള്‍ക്കുകയോ ചെയ്താല്‍ അതവന്റെ മനസ്സില്‍ ആഴത്തില്‍ പതിയുന്നു.
തനിക്കിഷ്ടമല്ലാത്ത കാര്യങ്ങള്‍ കണ്ടാല്‍ വെട്ടിത്തുറന്ന് അനിഷ്ടം പ്രകടിപ്പിക്കാറുണ്ട് ക്ലിന്റ്. അത് കൊണ്ട് തന്നെയാണ് ഒരിക്കല്‍ അവനെക്കുറിച്ച് എഴുതാന്‍ വന്ന വിടുവായനായ മാധ്യമപ്രവര്‍ത്തകനോട് അവന്‍ പൊട്ടിത്തെറിച്ചത്. മേലാല്‍ ഇത്തരം നോണ്‍സെന്‍സിനെ വീട്ടിലേക്കു വിളിച്ചു വരുത്തരുതെന്ന് പപ്പയോട് പറയുന്ന ക്ലിന്റിനെ കാണുമ്പോള്‍ ചെറിയ വായില്‍ വലിയ വര്‍ത്തമാനം പറയുന്ന കൊച്ചുപയ്യനെയല്ല മറിച്ച് അസാമാന്യമായ പക്വതയുള്ള ഒരാളടുടെ ആജ്ഞാശക്തിയാണ് കാണാന്‍ കഴിയുന്നത്.
അതുപോലെ തന്നെ അവന്‍ വരയ്ക്കുന്ന ചിത്രങ്ങളുടെ കാര്യവും. സാധാരണ ഒരു മനുഷ്യന്‍ ചിന്തിക്കുന്നതിനുമപ്പുറമാണ് ക്ലിന്റിന്റെ ചിന്താമണ്ഡലം എന്ന് തെളിയിക്കുന്നതാണ് അവന്റെ ഓരോ ചിത്രങ്ങളും. പലതിനും അര്‍ഥം കണ്ടുപിടിക്കാനാകാതെ ഉഴലുന്നുണ്ട് പ്രതിഭാധനര്‍ പോലും.
ക്ലിന്റായി വേഷമിട്ട മാസ്റ്റര്‍ അശോക് ആശ്ചര്യപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവച്ചത്. രൂപസാദൃശ്യം കൊണ്ട് ക്ലിന്റുമായി ഒരുപാട് സാമ്യമുള്ള അലോക് ക്ലിന്റായി ജീവിക്കുക തന്നെയായിരുന്നു. അസാമാന്യമായ അഭിനയ പാടവത്തോടെ ക്ലിന്റായി അലോക് നിറഞ്ഞാടി. അതുപോലെ തന്നെ ക്ലിന്റിന്റെ മാതാപിതാക്കളായി വേഷമിട്ട റിമ കല്ലിങ്കലും ഉണ്ണിമുകുന്ദനും തങ്ങളുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാക്കി മാറ്റി ചിന്നമ്മയെയും ജോസഫിനെയും. മറ്റ് കഥാപാത്രങ്ങളായി വന്ന വിനയ് ഫോര്‍ട്ട്, കെപിഎസി ലളിത, ബേബി അക്ഷര, ജോയ് മാത്യു തുടങ്ങിയവരും തങ്ങളുടെ വേഷങ്ങള്‍ ഗംഭീരമാക്കി.
ഓരോ ദൃശ്യങ്ങളും പ്രേക്ഷകമനസ്സില്‍ തങ്ങിനിൽക്കുന്ന വിധം മനോഹരമായാണ് മധു അമ്പാട്ട് ഒപ്പിയെടുത്ത് അവതരിപ്പിച്ചത്. പാട്ടുകൾ ഇളയാരജയുടെ തന്നെ പഴയ ഈണങ്ങളുടെ ഛായ പേറുന്നവയാണെങ്കിലും കേൾക്കാൻ സുഖമുള്ളവയാണ്.
ഹാസ്യത്തിന് വേണ്ടി അവതരിപ്പിച്ച ഹാസ്യം അത്ര ഏശിയില്ല എന്നതാണ് വാസ്തവം. അതുപോലെ ഇടമുറിഞ്ഞു പോയ ചില സംഭാഷണങ്ങളും മുഴച്ചുനിൽക്കുന്നുണ്ട്. അതിനെല്ലാം മേലെ ക്ലിന്റെന്ന കുരുന്നാണ് പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത്. മരിച്ച് മുപ്പത്തിനാലു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മാതാപിതാക്കളുടെ ജീവിതത്തില്‍ ആ കുരുന്നു ജീവന്‍ നല്‍കിയ ശൂന്യത ആരുടേയും കണ്ണ് നനയിക്കും. ചിത്രത്തിലെ അവസാന രംഗം അത്തരത്തില്‍ ആരെയും നോവിക്കുന്നതാണ്.
ആർട് ഫിലിം എന്നോ ഫീച്ചര്‍ ഫിലിം എന്നോ വേർതിരിക്കാതെ ഒരു അതുല്യ പ്രതിഭയെ തൊട്ടറിയുക എന്ന ലക്ഷ്യവുമായിട്ടാവണം ഈ ചിത്രം കാണാൻ പോകാൻ. ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകന്റെയും മനസ്സില്‍ നിറക്കൂട്ടുകളുമായി മാലാഖമാര്‍ക്ക് പ്രിയപ്പെട്ട ആ കുഞ്ഞു മുഖം ഉണ്ടാകുമെന്ന് ഉറപ്പ്. ആ അസാന്നിധ്യം പടം കണ്ടിറങ്ങുന്നവരെ വേട്ടയാടും എന്നതിലും സംശയമില്ല.
കടപ്പാട്: ശ്രീലക്ഷ്മി മേനോൻ, മാതൃഭൂമി ഓൺലൈൻ