സെപ്റ്റംബർ 3 മുതൽ 9 വരെ ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന ഓണം വാരാഘോഷത്തിനു തുടക്കമായി. കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ പ്രൗഢ ഗംഭീരമായ സദസിനെ സാക്ഷിയാക്കി മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ തിരിതെളിച്ചു കൊണ്ട് കേരള സർക്കാരിന്റെ ഓണാഘോഷ പരിപാടികൾ ഉത്ഘാടനം ചെയ്തു.
കേരളത്തിന്റെ സമഗ്ര പുരോഗതിക്കു എല്ലാവരുടെയും കൂട്ടായ പരിശ്രമം ആവശ്യമാണെന്നും സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ കാലാനുസൃതമായി ഉയരണമെന്നും മുഖ്യമന്ത്രി. കേരളത്തിന്റെ സമ്പത്തു മനോഹരമായ പ്രകൃതി ഭംഗിയാണെന്നും അതിനു കോട്ടം തട്ടാതെയുള്ള വികസന പ്രവർത്തനങ്ങളാണ് വേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു .
ടൂറിസം വികസന വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മലയാളത്തിന്റെ പ്രീയ നടൻ ശ്രീ മമ്മൂട്ടി മുഖ്യതിഥി ആയിരുന്നു . സ്‌പീക്കർ ശ്രീ പി. രാമകൃഷ്ണൻ ഓണസന്ദേശം നൽകി . ടൂറിസം വകുപ്പിന്റെ ഉപഹാരങ്ങൾ ശ്രീ കടകം പള്ളി സുരേന്ദ്രൻ മമ്മൂട്ടിക്കും മുഖ്യമന്ത്രിക്കും കൈമാറി. പ്രതിപക്ഷ നേതാവ് ശ്രീ. രമേശ് ചെന്നിത്തല, എ സമ്പത് എം. പി, എം എൽ എമാരായ വി എസ് ശിവകുമാർ , സി ദിവാകരൻ , ഐ ബി സതീഷ് , ബി സത്യൻ, ഡി കെ മുരളി, മേയർ വി. കെ പ്രശാന്ത് , കെ ടി ഡി സി ചെയര്മാന് എം വിജയകുമാർ, ടൂറിസം ഡയറക്ടർ പി ബാലകിരൺ എന്നിവർ സന്നിഹിതരായിരുന്നു .
തുടർന്ന് നടി മഞ്ജു വാര്യർ അവതരിപ്പിച്ച കുച്ചിപ്പുടി നൃത്തം , വിജയ് യേശുദാസ് , വിധു പ്രതാപ് എന്നിവർ അവതരിപ്പിച്ച സംഗീത നിശ എന്നിവ അരങ്ങേറി . മാത്യു ഇട്ടി സംവിധാനം ചെയ്ത “നന്മ നിറവിൽ നല്ലോണം” എന്ന നൃത്ത ശ്രവ്യ പരിപാടി ഏറെ ആകര്ഷണമായിരുന്നു